---
title: "കാടുമൂടിക്കിടന്ന പുറമ്പോക്ക് ഇനി മനോഹരമായ കളിസ്ഥലം; മന്ദമംഗലത്ത് നാട്ടുകൂട്ടായ്മയിൽ ഒരുങ്ങിയ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു"
english_title: "content highlights Inauguration of the ground prepared by the local community in Mandamangalam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360576/content-highlights Inauguration-of-the-ground-prepared-by-the-local-community-in-Mandamangalam"
published_at: "2026-05-20T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d6e9fba30e_nada9.jpg"
keywords: []
---

# കാടുമൂടിക്കിടന്ന പുറമ്പോക്ക് ഇനി മനോഹരമായ കളിസ്ഥലം; മന്ദമംഗലത്ത് നാട്ടുകൂട്ടായ്മയിൽ ഒരുങ്ങിയ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി നഗരസഭയിൽ വർഷങ്ങളായി കാടുപിടിച്ചും ചെളിനിറഞ്ഞും ജനങ്ങൾക്ക് പ്രവേശിക്കാൻ പോലും കഴിയാത്തവിധം കിടന്നിരുന്ന പുറമ്പോക്ക് ഭൂമി നാട്ടുകാരുടെ കൂട്ടായ്മയിൽ മനോഹരമായ കളിസ്ഥലമായി മാറി.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി നഗരസഭയിൽ വർഷങ്ങളായി കാടുപിടിച്ചും ചെളിനിറഞ്ഞും ജനങ്ങൾക്ക് പ്രവേശിക്കാൻ പോലും കഴിയാത്തവിധം കിടന്നിരുന്ന പുറമ്പോക്ക് ഭൂമി നാട്ടുകാരുടെ കൂട്ടായ്മയിൽ മനോഹരമായ കളിസ്ഥലമായി മാറി.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് കൗൺസിലറുമായ എ.പി. സുധീഷിന്റെ സജീവമായ നേതൃത്വത്തിലാണ് മന്ദമംഗലത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദീർഘകാലത്തെ ഈ സ്വപ്നം യാഥാർത്ഥ്യമായത്.

മന്ദമംഗലം ബീച്ച് പരിസരത്ത് പാറപ്പള്ളിക്കും സ്വാമിയാർ കാവിനും സമീപമുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമിയാണ് നാട്ടുകാർ ഒത്തൊരുമിച്ച് അധ്വാനിച്ച് കളിസ്ഥലമാക്കി മാറ്റിയെടുത്തത്. ആഘോഷപ്രതീതിയോടെ നടന്ന ഗ്രൗണ്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ എ.പി. സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഗായകൻ കൊല്ലം ഷാഫി മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡിലെ പ്രമുഖ കായിക പ്രതിഭകളായ രോഹൻ എസ്. കുന്നുമ്മൽ, കെ.കെ. അമേയ, പൂജ രവി എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

നഗരസഭാ കൗൺസിലർമാരായ ഷാജി പാതിരിക്കാട്, തസ്‌നിയ എന്നിവരും കെ. ചിന്നൻ, ഇ.എസ്. രാജൻ, ശ്രീകല കൈപ്പുറത്ത്, ഭാഗ്യചന്ദ്രൻ, ടി.വി. ഇസ്മയിൽ, മുകുന്ദൻ, കെ.കെ. സുമേഷ് തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെ.കെ. റംഷിദ് സ്വാഗതവും അഭിജിത് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 പ്രമുഖ ടീമുകൾ മാറ്റുരച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360576/content-highlights Inauguration-of-the-ground-prepared-by-the-local-community-in-Mandamangalam)